വാൽപാറ

ഒരു വാൽപാറ യാത്ര !...

വളരെ നാളത്തെ ആഗ്രഹമായിരുന്നു വാൽപാറ യാത്ര. ആസ്വാദനത്തിന്റെ നവ്യാനുഭവങ്ങള്‍ സമ്മാനിച്ച യാത്ര പക്ഷെ സമയക്കുറവ് കാരണം പൂര്‍ണതയിലെത്തിയില്ലെന്നതാണ് സത്യം. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായി പ്രകൃതി സ്നേഹികളും യാത്രാ പ്രേമികളും സംഘടിപ്പിച്ച സമര പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അതിരപ്പിള്ളി- വാഴച്ചാലില്‍ എത്തിയത് വിത്യസ്തമായ സമരപരിപാടികളില്‍ പങ്കെടുത്ത് വാള്‍പ്പാറ ലക്ഷ്യംവെച്ച് യാത്ര ആരംഭിച്ചു. വാഴച്ചാല്‍ പിന്നിടുമ്പോള്‍ തന്നെ കണ്ണും മനസ്സും നിറക്കുന്ന കാഴ്ച്ചകളുടെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കും. ആ വന്യതയുടെ വശ്യഭംഗി വാക്കുകള്‍കൊണ്ട് വര്‍ണിക്കാവുന്നതിലുമപ്പുറമാണ്.

വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെയുള്ള കാനനയാത്രയില്‍ മലയണ്ണാ നെയും, സിംഹവാലന്‍ കുരങ്ങുകളെയും, വേഴാമ്പലിനെയും, താഴെ ഡാമില്‍ വെള്ളംകുടിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെയും കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞു. ചെറിയൊരു ഭയത്തോടെയല്ലാതെ ഇതിലൂടെ യാത്ര ചെയ്യാന്‍ കഴിയില്ല. ഇടയ്ക്കിടെ നിര്‍ത്തിയും കാഴചകള്‍ ആസ്വദിച്ചും മലക്കപ്പാറ എത്തി. കേരള ചെക്ക്പോസ്റ്റ് കടന്നപ്പോഴേക്കും ചാറ്റല്‍മഴയും തണുപ്പും ഞങ്ങളെ എതിരേറ്റു. റൈന്‍കോട്ട് പോലും എടുത്തിട്ടില്ലാത്തതിനാല്‍ അന്ന് മലക്കപ്പാറ തങ്ങാന്‍ തീരുമാനിച്ചു. യാത്ര എന്ന ഒറ്റ ആവേശംകൊണ്ട് മാത്രം അവിടെ എത്തിയ ഞങ്ങള്‍ 10 പേര്‍ ചെറിയൊരു ഹോംസ്റ്റേ തേടിപ്പിടിച്ചു. റൂമില്‍ കയറി അലപനേരം സംസരിചിരുന്നപ്പോഴേക്കും പുറത്തു മഴയുടെ ശക്തികൂടിയിരുന്നു.
 മഴ തെല്ലൊന്നു കുറഞ്ഞപ്പോള്‍ ടൗണില്‍ പോയി ഭക്ഷണത്തിനുള്ള അരിയും മറ്റും വാങ്ങിവന്ന്‍ എല്ലാവരും ചേര്‍ന്ന് കളിചിരികളുമായി ഭക്ഷണം റെഡിയാക്കി ഒന്നിച്ചിരുന്നു കഴിച്ച് രാത്രി ഏറെവൈകിയും സംസാരിച്ചിരുന്നു. എപ്പഴോ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണപ്പോഴേക്കും മൊബൈല്‍ അലാറം ശബ്ദിച്ചു സമയം പുലര്‍ച്ചെ 4 മണി. അന്ന് ജോലിക്ക് പോവേണ്ടതിനാല്‍ ഞാനും സുഹൃത്ത് അഫ്സലും പുലര്‍ച്ചെതന്നെ തിരിക്കാം എന്ന് തീരുമാനിച്ചതായിരുന്നു. ഉണര്‍ന്നു ഫ്രഷ്‌ ആയപ്പോഴേക്കും ചൂട് കട്ടന്‍ചായയുമായി ഞങ്ങളെ യാത്രയാക്കാന്‍ ഒരുങ്ങിയ സുഹൃത്തുക്കളുടെ സ്നേഹം മറക്കാന്‍ കഴിയില്ല. ചായകുടിക്ക് ശേഷം യാത്ര ആരംഭിച്ചു ഏകദേശം 10 കിലോമീറ്ററോളം അവരും ഞങ്ങളെ അനുഗമിച്ചു. പിന്നീടങ്ങോട്ട് പരിചയമില്ലാത്ത വഴിയിലൂടെ ഞാനും അഫ്സലും ഞങ്ങള്‍ക്കു കൂട്ടായി തൊട്ടുമുന്‍പില്‍ വരെ കാണാന്‍ കഴിയാത്ത രീതിയില്‍ കോടമഞ്ഞും കൊടും തണുപ്പും മാത്രം.

വാൽപാറ എത്തിയപ്പോഴേക്കും സൂര്യന്‍ ഉദിച്ചുയാരന്‍ ആരംഭിച്ചിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന തേയിലത്തോട്ടതിനുമപ്പുറം ഉദയസൂര്യന്റെ ഭംഗി ഏറെ ഹൃദ്യമാണ്. ആ കാഴ്ചയില്‍ ലയിച്ചങ്ങനെ ഒരുപാട് നേരം നില്‍ക്കണമെന്നുണ്ടായിരുന്നു പക്ഷെ സമയക്കുറവ് വില്ലനായി. ചുരം കയറിക്കഴിഞ്ഞാല്‍ പിന്നെ 49 ഹെയര്‍പിന്‍ വളവുകളുള്ള മറ്റൊരു ചുരം ഇറങ്ങാനാണ്. ചുരത്തിനു മുകളില്‍നിന്ന് താഴെ ആളിയാര്‍ ഡാമിന്റെ സുന്ദരദൃശ്യം കാണാം. ഭാഗ്യമുണ്ടെങ്കില്‍ ചുരമിറങ്ങുമ്പോള്‍ പാറചെരിവിലൂടെ അനായാസം സഞ്ചരിക്കുന്ന വരയാടിന്‍ കൂട്ടങ്ങളെ കാണാം എന്ന് കേട്ടിരുന്നു ആ ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചില്ല.

ചുരമിറങ്ങി താഴെയെത്തി ഒരു വളവുതിരിഞ്ഞതും അധികം അകലെയല്ലാതെ റോഡരികില്‍ ഒരു ആന അവന്‍ തിരിച്ചു കാട്ടിലേക്ക് ഇറങ്ങുന്നത് വരെ ക്ഷമയോടെ കാത്തുനിന്നു. തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെയും മങ്കിഫാള്‍സ് വെള്ളചാട്ടതിന്റെയും ബോര്‍ഡുകളെ പിന്നിലാക്കി തമിഴ് പട്ടണമായ പൊള്ളാച്ചിയില്‍. പ്രാതലിനു ശേഷം യാത്രതുടര്‍ന്ന് കേരളതിര്‍ത്തി കടന്നു കരിമ്പനകളുടെ നാടായ പാലക്കാടിന്റെ മണ്ണിലൂടെ മണ്ണാര്‍ക്കാടും പെരിന്തല്‍മണ്ണയും പിന്നിട്ടു നാട്ടിലേക്ക്....





Comments