ഹൃദയ തടാകം തേടി...

ഹൃദയ തടാകം തേടി...
രാവിലെ ആറുമണിക്ക് രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍ വീട്ടില്‍ നിന്നും യാത്ര തിരിച്ചു. അതുവരെ പടങ്ങളിലൂടെയും യാത്ര വിവരണങ്ങളിലൂടെയും മാത്രം കണ്ടറിഞ്ഞ ചെമ്പ്ര മലയും ഹൃദയതടാകവും മാത്രമായിരുന്നു മനസ്സില്‍. അതുകൊണ്ടായിരിക്കാം വളരെ പെട്ടന്ന് ഞങ്ങൾ താമരശേരി എത്തിയത് പോലേ തോന്നി.

പക്ഷെ എത്ര തവണ പോയാലും താമരശ്ശേരി ചുരത്തിൽ അല്പനേരം നിന്ന് പ്രകൃതിയോട് സല്ലപിക്കാതെ കടന്നു പോവാന്‍ മനസ്സനുവദിക്കാറില്ല. സമയം എട്ട് മണി ആവുന്നേയുള്ളൂ. ചുരത്തില്‍ നിന്ന് കോടമഞ്ഞ്‌ നീങ്ങിയിട്ടില്ലായിരുന്നു. ചുരത്തിന്റെ ഏറ്റവും മുകളിലെ വ്യൂ പോയിന്റിലും അല്പനേരം ചിലവിട്ടു. അവിടെ നിന്ന് ലക്കിടിയും കടന്നു വയനാടിന്റെ പച്ചപ്പിലേയ്ക്ക്. ആ സ്വപ്നഭൂമിയിലെ പച്ചപട്ടണിഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും ചെറുനൂൽമഴയും മന്ദമാരുതനും ഞങ്ങളെ സ്വഗതം ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചശേഷം ഞങ്ങൾ ചെമ്പ്ര ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. പൂക്കോട് തടാകവും പിന്നിട്ടു മൈസൂര്‍ ഊട്ടി റോഡുകള്‍ വിഭജിക്കുന്ന ‘ചുണ്ടേല്‍’ എന്ന ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് 12 km പിന്നിട്ട് മേപ്പാടിയിലെത്തി. (ട്രക്കിങ്ങിന് പോവുന്നവര്‍ ഇവിടെ നിന്നും ഭക്ഷണവും വെള്ളവും കരുതുന്നതായിരിക്കും ഉചിതം).
 ചോദിച്ചറിഞ്ഞതനുസരിച്ച് മേപ്പടിയിൽ നിന്നും വലത്തോട്ട് 7.5 km യാത്ര ചെയ്യ്തു. ഏകദേശം2 km കഴിഞ്ഞപ്പോൾ ടിക്കറ്റ്‌ കൗണ്ടര്‍ കണ്ടു. 750 രൂപയാണ് ട്രകിംഗ് ഫീസ് (10 ആളുകള്‍ വരെയുള്ള ഗ്രൂപ്പിന്) അവിടെ നിന്ന് 5km കൂടി വാഹനത്തില്‍ പോവാം, പിന്നെ മല നടന്നു തന്നേ കയറണം. മേപ്പാടിയില്‍ നിന്നും ചെമ്പ്രയുടെ താഴ്വാരം വരേയ്ക്കും ഒരു ഓഫ്‌ റോഡ്‌ പ്രതീതിയാണ്, കാരണം റോഡ്‌ അത്രക്കും മോശമായിരുന്നു. പക്ഷെ റോഡിനിരുവശവും കാപ്പി തേയില കൃഷിതോട്ടങ്ങൾ, കൃഷിയിടങ്ങള്ക്ക് നടുവില്‍ തോട്ടം തൊഴിലാളികളുടെതെന്നു തോന്നിയ കൊച്ചു കൊച്ചു വീടുകൾ, താഴ്വാരത്ത് നിന്നുള്ള ചെമ്പ്ര മലയുടെ ദൃശ്യഭംഗി കണ്ട അതുവരെയുണ്ടായ യാത്രാക്ലേശങ്ങള്‍ തല്കാലം മറന്നു.

വാഹനം പാർക്ക്‌ ചെയ്തു നടത്തമാരംഭിച്ചു, കുറച്ചു ദൂരം നടന്നപ്പോൾ അവിടെ ഒരു വാച്ച് ടവര്‍ കണ്ടു. വാച്ച് ടവര്‍ കഴിഞ്ഞു കാട്ടിലൂടെ അല്പദൂരം നടന്നു, ആ നടപ്പ് അത്ര സുഗകരമായി തോന്നിയില്ല. അത് കഴിഞ്ഞപ്പോൾ വിശാലമായ പുല്മേ്ടുകളാണ് ഞങ്ങളേ സ്വഗത൦ ചെയ്യതത്. താഴേക്ക്‌ ഇറങ്ങുന്നവരുടെ സ്നേഹപൂർവ്വമുള്ള ഉപദേശങ്ങൾക്ക് ചെവികൊടുക്കാതെ ഓടുകയായിരുന്നു...... മലയുടെ ഏകദേശം മധ്യത്തിലായി ഒരു നീരുറവ കണ്ടു, പച്ചവെള്ളത്തിന്‌ ഇത്ര രുചിയുണ്ടെന്നു മനസ്സിലയതവിടെ നിന്നാണ്. മുകളിലേക്ക് കയറുംതോറും തണുപ്പ് കൂടി കൂടി വന്നു. നൂൽമഴയും കോടമഞ്ഞും ആ മലകൾക്കൊരലങ്കാരം തന്നെയായിരുന്നു, വഴിയിൽ ഗൈഡുകള്‍ ഉണ്ടായിരുന്നു. നടന്നും കിതച്ചും തളർന്നിരുന്നും ഒരുവിധം മുകളിലെത്തി.
ആ മലമുകളിലെ കാഴ്ചകള്‍ വളരെ സുന്ദരമായിരുന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു കുന്ന് കൂടെ കയറണമായിരുന്നു. എങ്ങനെയൊക്കെയോ അതും കൂടി കയറിപ്പറ്റി. മനസ്സിനെ മോഹിപ്പിച്ചിരുന്ന തടാകം ഇതാ കണ്മുന്നില്‍... പുൽമേടുകള്‍ മാത്രമുള്ള ആ വിശാലമായ കുന്നിന്മുകളില്‍; ഹൃദയത്തിന്റെ ആകൃതിയില്‍ ആ തടാകത്തിന്റെ കാഴച അതിമനോഹരംതന്നെ.
മലമുകളിൽ നിന്നുള്ള താഴ്വാരകാഴ്ചയും ഹൃദ്യമാണ്. തേയില-കാപ്പി തോട്ടങ്ങളും, ദൂരെ കൽപ്പറ്റ നഗരത്തിന്റെന ദൃശ്യവും, വാക്കുകൾക്കതീതം. ഇടയ്ക്കിടയ്ക്ക് കാഴ്ചകളെ മറച്ചുകൊണ്ട്‌ കോടമഞ്ഞ്‌ ഞങ്ങൾക്കായി വിരുന്നൊരുക്കി. താഴേക്ക്‌ നോക്കിയമ്പോള്‍ മലകയറി വരുന്നവരെ ഒരു പൊട്ടുപോലെ കാണാമായിരുന്നു. ഇതൊക്കെ ഞങ്ങള്‍ കയറി വന്നതാണോ എന്ന് സംശയിച്ചു പോയി. ഏകദേശം രണ്ട് മണിക്കൂറോളം നടക്കണം ഇവിടെയത്താന്‍. അതുവരെ മഴനൂലുകൊണ്ട് ഭൂമിയെ ചുംബിച്ചിരുന്ന സുന്ദരിയായ ആകാശത്തിന്റെ രൂപംമാറാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു കനത്ത മഴ മുന്നിൽ കണ്ട് വേഗം തിരിച്ചിറങ്ങാന്‍ തുടങ്ങിയെങ്കിലും പാതി എത്തിയപ്പോഴേക്കും പെരുമഴ എത്തി, വഴി നല്ല വഴുക്കലുള്ളതുകൊണ്ട് നന്നേ കഷ്ടപ്പെട്ട് ഒരു വിധം താഴെ എത്തി.

ഒന്നൂടെ തിരിഞ്ഞു നോക്കി ഇനിയും വരാമെന്ന് ചെമ്പ്രക്ക് വാക്ക് നൽകികൊണ്ട് പെരുമഴയത്ത് റെയിൻകോട്ട് പോലുമില്ലാതെ തിരികെ നാട്ടിലേക്ക്.










Comments