Himachal Diaries

ഹിമാചല്‍‌പ്രദേശ് കാഴ്ച്ചകളുടെ വിസ്മയം, സൃഷ്ടാവിന്റെ അപാരമായ സൃഷ്ടി വൈഭവം ബോധ്യമാക്കിതരുന്നയിടം. ഹിമാലയന്‍ താഴ്വാരത്ത് വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ഈ ചെറുസംസ്ഥാനം സഞ്ചാരികള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ളത്‌ വലിയ നിധിയാണ്‌. നാല് ഭാഗത്തും തലയെടുപ്പോടെ കോടയില്‍ മുങ്ങികിടക്കുന്ന മലനിരകളും നദികളും പച്ചപ്പും പുല്‍മേടുകളും സ്വദേറും രുചികൂട്ടുകളും ആപ്പിള്‍ മരങ്ങളും സുന്ദരിപെണ്‍കൊടികളും .. അങ്ങനെയങ്ങനെ നീളുന്നു ഹിമാചലിന്റെ വിശേഷങ്ങള്‍ ക്യാമറ ഏതുഭാഗത്തേക്ക് തിരിച്ചാലും അടിപൊളി ഫ്രൈമുകള്‍ എന്നിരുന്നാലും ആയിരം ചിത്രങ്ങള്‍ക്കോ അത്രയും വരികള്‍ക്കോ വര്‍ണിക്കാന്‍ കഴിയുന്നതല്ല ആ ഭംഗി. എന്റെ യാത്രയും ഞാന്‍ കണ്ട കാഴ്ച്ചകളും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ഞാനൊന്നു ശ്രമിക്കാം.
-
കാശ്മീര്‍ ആയിരുന്നു പ്ലാന്‍ എത്തിച്ചേര്‍ന്നത് ഹിമാചലിലും, യാത്രയുടെ തൊട്ടുമുന്‍പുള്ള ദിവസമാണ് കാശ്മീരില്‍ സംഘര്‍ഷമാണ് പോവാന്‍ കഴിയില്ല എന്നറിയാന്‍ കഴിഞ്ഞത്. എങ്കിലും യാത്രയില്‍ നിന്ന് പിന്മാറാന്‍ തോന്നിയില്ല. മൂന്നു ദിവസത്തെ യാത്രയുണ്ടല്ലോ അതിനുള്ളില്‍ പ്രശ്നങ്ങള്‍ എല്ലാം തീരും എന്നായിരുന്നു പ്രതീക്ഷ. യാത്രകളില്‍ ഗുരുതുല്യരായി കാണുന്ന ശരീഫ് ചുങ്കത്തറ, അജോജോര്‍ജ് ഏട്ടന്‍ എന്നിവരോട് അഭിപ്രായം ചോദിച്ചു ഇരുവരും പഞ്ചാബും ഹിമാചലുമാണ് നിര്‍ദേശിചത്. എങ്കിലും കാശ്മീര്‍ മോഹം മനസ്സില്‍ നിന്ന്‍ പോവുന്നില്ല അവസാ നം യാത്ര അവസാനിക്കുന്നതിനുമുന്പ് പ്രശ്നങ്ങള്‍ തീര്‍ന്നു അവിടെയുള്ള സുഹ്ര്‍ത്തുക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ കാശ്മീര്‍, അല്ലെങ്കില്‍ അപ്പോഴത്തെ സാഹചര്യം പോലെ ചെയ്യാം എന്നാ തീരുമാനത്തില്‍ ജൂലൈ പതിനൊന്നിനു ഞാനും നവാസും കരീമും ഞങ്ങളുടെ സ്വപ്നങ്ങളെ നവയുഗ് എക്സ്പ്രസിന്റെ  s3  കോചിലേറ്റി.
-
ട്രെയിന്‍ യാത്രയോട് പണ്ടേ പ്രണയമാണ് അതുകൊണ്ടാണല്ലോ വര്‍ഷങ്ങള്‍ക്ക് മുന്പെയുള്ള തീവണ്ടിയാത്രയുടെ ഓരോ നിമിഷവും ഫ്ലാഷ്ബാക്ക് ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞു വരുന്നത്. രാത്രിയായിരുന്നു കോഴിക്കോട് നിന്നും നവയുഗ് എക്സ്പ്രസ് പുറപ്പെടുന്നത്. കമ്പാര്‍ട്ട്മെന്റില്‍ കൂടുതലും തമിഴ്നാട്ടിലെ കാട്പാടിയില്‍ പഠിക്കുന്ന വിദ്യാര്‍ത്തികളായിരുന്നു. അവരുടെ കളിചിരികളും, കാണാന്‍ പോകുന്ന സ്ഥലങ്ങളെകുറിച്ചുള്ള ആകാംക്ഷയും കാരണം രാത്രി ഏറെ വൈകിയാണ് ഉറങ്ങിയത്. ആദ്യദിനം പുലര്‍ന്നത് ജോലാര്‍പേട്ടയില്‍ ആയിരുന്നു. അവിടുന്ന് കുറച്ചു യാത്രക്കാരും കൂടി കയറി പഞ്ചാബിലെ മൊഖേരി യില്‍ ജോലി ചെയ്യുന്നയാളുടെ കൊച്ചു കുടുംബം, അമര്‍നാഥിലേക്കുള്ള തീര്‍ഥാടകാരായ രവിയും സുഹൃത്തും. കുട്ടികാലത്ത് കളിച്ചിരുന്ന കള്ളനും പോലീസും കളിയും മോബൈലില്‍ പ്ലേ ചെയ്തിരുന്ന മെലഡികളും ഗസലുകളും യാത്രക്ക് ഉണര്‍വ്വേകി. തുടര്‍ന്നങ്ങോട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ചകളിലൂടെ ആ ദിനത്തിനും തിരശ്ശീല വീണു. ഇത്തര്‍സിയിലാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്. അവിടന്നങ്ങോട്ട് മഴ തന്നെയായിരുന്നു. ഭോപ്പാലില്‍ 6 പേര്‍ ഒഴുക്കില്‍ പെട്ട് എന്ന് പത്രത്തിലൂടെയറിഞ്ഞു. അപ്പോഴും കാശ്മീര്‍ ഫ്രണ്ട്സിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ശരീഫ് ഇക്കയോടും അബ്ദു കാലടിയോടും സംസാരിച്ചു ഹിമാചല്‍ തന്നെ ഉറപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ രാത്രിയാണ് എത്തിയത് അത് കൊണ്ട് തന്നെ റൂമിനും മറ്റും ബുദ്ധിമുട്ടും എന്നതിനാല്‍ അവിടെ ഇറങ്ങാനുള്ള തീരുമാനം മാറ്റി.  പിറ്റേന്ന് ഉച്ചയോടെ പത്താന്‍കോട്ട് എത്തി അവിടുന്ന്‍ ഹിമാചല്‍ വണ്ടി പിടിക്കനായിരുന്നു പ്ലാന്‍. റെയില്‍വേ സ്റ്റേഷനു അടുത്ത് തന്നെയാണ് വ്യോമസേന കേന്ദ്രം. സ്റ്റേഷനില്‍ കൂടുതലും പട്ടാളക്കരയിരുന്നു. പത്താന്‍കോട്ട് പട്ടണവും ആകെ പട്ടാളമയം തലങ്ങും വിലങ്ങും പായുന്ന പട്ടാളവണ്ടികള്‍. കടകളില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന ആര്‍മിയുടെ യൂണിഫോമും ഷൂവും ഹെല്‍മെറ്റും കാണാന്‍ കഴിഞ്ഞത് അത്ഭുതപ്പെടുത്തി. ഹിമാചലിലേക്കുള്ള ബസ്‌ രാത്രിയിലെയുള്ളൂ എന്നറിയാന്‍ കഴിഞ്ഞു. മാത്രമല്ല ഭാഷയും സ്ഥലപരിജയവും കുറവാണല്ലോ അതുകൊണ്ട് ടൂറിസ്റ്റ് പാക്കേജ് എടുക്കാന്‍ നിര്‍ബന്ധിതരായി. 6 ദിവസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കി ഡ്രൈവര്‍ വിക്കിയുടെ കൂടെ indica കാറില്‍ യാത്ര ആരംഭിച്ചു.
-
പത്താന്‍കോട്ട് നഗരം കഴിഞ്ഞു അധികദൂരം പിന്നിടുംമുന്‍പേ ഭൂപ്രകൃതിയില്‍ മാറ്റം കണ്ട്തുടങ്ങിയിരുന്നു. വനപാതയിലൂടെയാണ് മുന്നോട്ടു പോവുന്നത് കൂട്ടിനു ഇളം തണുപ്പും. 3 ദിവസത്തെയാത്രാക്ഷീണം മാറാന്‍ ഇതൊന്നും മതിയായിരുന്നില്ല. ഒരിടത്ത് മലമുകളില്‍ നിന്ന്‍ ഒലിച്ചിറങ്ങുന്ന വെള്ളം ചെറിയ ടാങ്ക് പോലെ കെട്ടി പൈപ്പ് ഇട്ടു യാത്രക്കാര്‍ക്ക് കുടിക്കാനും വേണമെങ്കില്‍ കുളിക്കാനും സൌകര്യം ചെയ്തിരുന്നു. ആ തണുത്ത വെള്ളത്തില്‍ മതിമാറന്നൊരു കുളിയോടെ ക്ഷീണമെല്ലാം പമ്പകടന്നു. അവിടം മുതല്‍ കാഴ്ചകള്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരമാവുമ്പോഴേക്കും തണുപ്പ് ശക്തിയായിരുന്നു ദൂരെ മലനിരകളും മുന്‍പില്‍ വഴി തടസ്സപ്പെടുത്തിക്കൊണ്ട് കോടമഞ്ഞും. റോഡിന്‍റെ സ്വഭാവത്തിലും മാറ്റം കണ്ടു തുടങിയിരുന്നു മലഞ്ചെരുവിലൂടെയായിരുന്നു അപ്പൊ യാത്ര. മുകളില്‍ നിന്ന് കല്ല്‌ വീഴാന്‍ സാധ്യതയുണ്ടെന്ന ബോര്‍ഡുകള്‍ ഇടയ്ക്കിടെ കാണാമായിരുന്നു. ഏറ്റവും അത്ഭുതപ്പെടുത്തിയത് രാത്രി 8 മണിയായിട്ടും നേരം ഇരുട്ടായിരുന്നില്ല. ഏറെ സമയത്തെ യാത്രക്ക് ശേഷം ‘മണ്ടി’ ടൌണിലെത്തി അത്താഴം അവിടെ നിന്നായിരുന്നു. ശേഷം യാത്ര തുടര്‍ന്നു മുന്പ് കണ്ട ബോര്‍ഡുകളുടെ പൊരുള്‍ മനസ്സിലായത്‌ റോഡില്‍ പലയിടത്തും വലിയ വലിയ കല്ലുകള്‍ വീണു കിടക്കുന്നത് കണ്ടപ്പോഴാണ്. വീതി കുറഞ്ഞ റോഡുകള്‍ ഒരു ഭാഗം എപ്പോഴും താഴേക്കു പതിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന കല്ലുകളുള്ള മലകളും ഒരു ഭാഗം അഗാധമായ താഴ്ചയും. പ്രശസ്തമായ മണ്ടി – കുളു തുരങ്കപാതയിലൂടെ പ്രവേശിച്ചു 3 കിലോമീറ്ററിലധികം വരും ഇതിനു. ഇത്ര വലിയ തുരങ്ക റോഡിലൂടെ ആദ്യയാത്രയായിരുന്നു. രാത്രിയായതിനാല്‍ അതിന്റെ ഭീകരസൌന്ദര്യം ആസ്വദിക്കാനായില്ല. മനാലിയിലായിരുന്നു അന്നത്തെ താമസം ഒരുക്കിയിരുന്നത്. ഞങ്ങളെത്തുമ്പോള്‍ മണാലി നഗരം ഉറക്കത്തിലായിരുന്നു. റൂമിലെത്തി കൊടും തണുപ്പില്‍ ഞങ്ങളും ഉറക്കത്തിലേക്ക്.
-
ഞാനും നവാസും രാവിലെ നേരത്തെ എഴുന്നേറ്റു പുറത്തിറങ്ങി, കടകള്‍ തുറക്കുന്നതെയുള്ളൂ കമ്പിളി പുതച്ചും ജാക്കറ്റു ധരിച്ചും ജോലിക്ക് പോവുന്നവര്‍ പ്രഭാത സവാരിക്കിറങ്ങിയവരേയും കാണാമായിരുന്നു. ക്യാമറ എടുത്തത്‌ വെറുതെയായില്ല സുന്ദര കാഴ്ചകളായിരുന്നു എങ്ങും കോട മഞ്ഞിനെ ആശ്ലേഷിച്ച് നില്‍ക്കുന്ന പൈന്‍ മരങ്ങളും, മരങ്ങള്‍ അതിരിടുന്ന മലനിരകളും മണാലിയുടെ പ്രഭാതം സുന്ദരമായിരുന്നു. കുറെ സമയം ചുറ്റിക്കറങ്ങി റൂമില്‍ എത്തിയപ്പോഴേക്കും കരീം ഫ്രഷ്‌ ആയിരുന്നു ഞങ്ങളുടെ കുളി കഴിഞ്ഞപ്പോഴേക്കും വിക്കിയും വണ്ടിയും റെഡി. ആദ്യം പോയത് ഹിഡിംബ ദേവി ക്ഷേത്രത്തിലെക്കാണ് 1553  നിര്‍മ്മിച്ച ഈ ക്ഷേത്രം കൂറ്റന്‍ പൈന്‍മരങ്ങള്‍ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയില്‍ മരംകൊണ്ട് നിര്‍മിച്ചതായിരുന്നു. കുടമുല്ല പൂവിനോട് സാമ്യമുള്ള വയലറ്റും വെള്ളയും പൂക്കള്‍ അവിടെ സമൃദ്ധമായിരുന്നു. സന്ദര്‍ശകര്‍ വന്നു തുടങ്ങുന്നെയുള്ളു. ഈ ക്ഷേത്രത്തിനു മറുവശമാണ് മണാലി ക്ലബ്‌ ഹൌസ് റാഫ്റ്റിങ്ങ്, കാര്‍ റേസ്, റിവര്‍ ക്രോസ് തുടങ്ങി വിവിധ ഗൈമുകള്‍ ഉണ്ട്. അധികം സാഹസികമാല്ലാത്തതും കീശ കാലിയാകാത്തതുമായ ഒന്ന് രണ്ടു റൈഡുകള്‍ ചെയ്ത് മടങ്ങി. വഴിയില്‍  ആപ്പിള്‍ തോട്ടങ്ങളുണ്ടായിരുന്നു ആപ്പിള്‍ പാകമാവുന്നേയുള്ളൂ. തിരിചെത്തുമ്പോ ഹിഡിംബ ക്ഷേത്ര പരിസരം സന്ദര്‍ഷകരെകൊണ്ട് നിറഞ്ഞിരുന്നു. കേട്ട് പരിചയം മാത്രമുള്ള യാക്കിന്‍റെ പുറത്തുകയറി ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു. നീണ്ട രോമാവൃതമായ ശരീരവും, നീണ്ട വളഞ്ഞ കൊമ്പുകളുമുള്ള യാക്ക് കാഴ്ചയിലെയത്ര ഭീകരന്‍ അല്ലെന്നു തോന്നുന്നു. ശേഷം ചെറിയൊരു ഷോപ്പിങ്ങിനു ശേഷം റൂമിലെത്തി. വൈകുന്നേരം മണാലി ഒന്ന് നടന്നു കാണാന്‍ തീരുമാനിച്ച് പുറത്തിങ്ങി ബ്യാസ് നദിക്കരയിലൂടെ റോത്താങ്ങ് പാസ് റോഡിലൂടെ ഏകദേശം 3 കിലോമീറ്ററോളം നടന്നു. നദിയില്‍ വെള്ളം നന്നേ കുറവായിരുന്നു വെളുത്ത ഉരുളന്‍ കല്ലുകളും പച്ചപ്പില്‍ മേഞ്ഞു നടക്കുന്ന കുതിരകളും കണ്ണെത്താ ദൂരം പച്ചപ്പട്ടണിഞ്ഞ മലനിരകളും മലകളില്‍ വരപോലെ കാണുന്ന ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ആകെ കൂടി നല്ല രസമായിരുന്നു കാണാന്‍. സ്കൂള്‍ വിട്ടു മടങ്ങുന്ന കുട്ടികളെ കണ്ടു. അവര്‍ക്ക് ഓരോ ദിവസവും കിടിലന്‍ ട്രക്കിംഗ് ചെയ്തു വേണം സ്കൂളില്‍ പോയി വരാന്‍. റോഡില്‍ കൂടുതലും ബൈക്ക് യാത്രികര്‍ ആയിരുന്നു റോത്താങ്ങ് പാസും ലഡാക്കും കീഴടക്കാന്‍ പോവുന്നവര്‍. ബൈകില്‍ കാരിയര്‍ ഘടിപ്പിച്ചു ലഗേജ് കെട്ടിവച്ച് ജാക്കറ്റും പാഡും ധരിച്ചു ഫുള്‍ സെറ്റപ്പില്‍ പോവുന്ന അവരെ കൊതിയോടെ നോക്കി നില്‍ക്കാനേ തല്ക്കാലം നിവൃത്തിയുള്ളൂ. അതില്‍ ഒന്ന് രണ്ടു കേരള രജിസ്ട്രേഷന്‍ ഉള്‍പ്പടെ പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക വണ്ടികളും ഉണ്ടായിരുന്നു. ബൈക്ക് റൈഡ് മോഹവുമായി വന്നാല്‍ ഒരിക്കലും ബുദ്ധിമുട്ടില്ല കാരണം അത്രയധികം ബൈക്ക് റെന്റ് ഷോപ്പുകള്‍ ഉണ്ടിവിടെ.  നേരം ഇരുട്ടിയപ്പോഴേക്കും മണാലി ടൌണില്‍ തിരിചെത്തി. പകല്‍ കണ്ട സ്ഥലമേ അല്ലെന്നു തോന്നാന്‍ മാത്രം ജന നിബിഡമായിരുന്നു നിരത്തുകള്‍. ജോലി കഴിഞ്ഞു വിശ്രമിക്കുന്നവര്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്നവര്‍, സ്റ്റഡി ടൂര്‍ വന്നവര്‍, കച്ചവടക്കാര്‍, കാല്‍ മസാജ് ചെയ്തു കൊടുക്കുന്നവര്‍ അങ്ങനെ പല രാജ്യങ്ങളില്‍ നിന്നുള്ള, പല സംസ്കാരങ്ങളില്‍ നിന്നുള്ള പലവിധ വേഷം ധരിച്ച ജനങ്ങള്‍. രാത്രിഭക്ഷണം റൊട്ടിയും ദാലുമായിരുന്നു അന്ന് ശേഷം റൂമിലേക്ക്‌.
-
അടുത്ത ദിവസം കസോള്‍ ആണ് ലക്ഷ്യ സ്ഥാനം, കാറില്‍ നിന്ന് കണ്ട ബ്യാസ് നദി ആകെ മാറിയിരുന്നു തലേന്ന് വൈകുന്നേരം കണ്ടപ്പോള്‍ മദ്ധ്യത്തില്‍ മാത്രം കുറച്ചു വെള്ളവുമായി ശാന്തമായി ഒഴുകിയിരുന്ന നദിയല്ല ഇപ്പൊ. കലങ്ങി മറിഞ്ഞു ആര്‍ത്തലച്ചു ഒഴുകുകയായിരിന്നു. മലമുകളില്‍ മഴ പെയ്തതിനാലാവാം. കുളു വഴിയാണ് കസോളിലേക്ക് പോയത് കുളു കഴിയുംമ്പോള്‍ തന്നെ റോഡ്‌ വളരെ മോശമായിരുന്നു. മലഞ്ചെരുവിലൂടെ വളഞ്ഞു പുളഞ്ഞു പോവുന്ന വീതി വളരെ കുറഞ്ഞ റോഡുകള്‍. റോഡില്‍ പലയിടത്തും കല്ലുകള്‍ വീണുകിടപ്പുണ്ടാണ്ടായിരുന്നു. ഒരു വശം താഴെ റോഡിനു സമാന്തരമായി ഒഴുകികൊണ്ടിരിക്കുന്ന നദി. പുഴക്കപ്പുറം മലമുകളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകള്‍ കാണാമായിരുന്നു വീടുകലേക്കുള്ള വഴികള്‍ വളഞ്ഞു പുളഞ്ഞു വര പോലെ കാണാന്‍ ഭംഗിയായിരുന്നു. റോപ് വേ വഴിയാണ് അപ്പുറത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. കുറഞ ദൂരമേയുള്ളൂവെങ്കിലും റോഡിന്‍റെ അവസ്ഥ കാരണം ഏറെ സമയത്തെ യാത്രക്ക് ശേഷം കസോളില്‍ എത്തി. പാര്‍വതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഗ്രാമം ഹിമാചലിലെ പ്രധാന ആകര്‍ഷണമാണ്. ഇസ്രയേലില്‍ നിന്നുള്ള സന്ദര്‍ശകരാണ് ഏറയുമിവിടെ. ഇസ്രയേല്‍ ഗവണ്മെന്റുമായി സഹകരിച്ചു പല ടൂറിസം പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നു വരുന്നുണ്ടെത്രേ. നദിക്കരയിലൂടെ കുറേ ദൂരം നടന്നു മടുപ്പ് തോന്നിയതേയില്ല. നദീ തീരത്ത് നിരവധി റിസോര്‍ട്ടുകളും ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ. കസോള്‍ ക്യാമ്പ്‌ എന്ന് പേരുള്ള ഹോട്ടലില്‍ നദിക്കരയില്‍ ഒരുക്കിയ ഇരിപ്പിടത്തിലിരുന്നു ചായ കുടിച്ച അനുഭവം മറക്കാന്‍ കഴിയില്ല. അന്ന് രാത്രി മണ്ടിയിലാണ് താമസം പ്ലാന്‍ ചെയ്തിരുന്നത്. കസോളില്‍ നിന്ന് മണ്ടിയിലേക്കുള്ള യാത്ര ആരംഭിച്ചു കുളുവിലെത്തെമ്പോഴേക്കും തണുപ്പ് ശക്തിയാര്‍ജിച്ചിരുന്നു. റോഡിനു താഴെ പുഴയിലെ വെള്ളം കോടയില്‍ മൂടിയിരിക്കുന്നു.  വീണ്ടും മണ്ടി തുരങ്കപാതയിലൂടെ മുന്പോട്ട്. തുരങ്കം എത്തുന്നതിനു മുന്പായി നയന മനോഹരമായ ഒരു തൂക്കുപാലവും ഉണ്ട്. പലതിനു താഴെ പുഴ രണ്ടായി പിരിയുന്നു. തുരങ്കം കഴിഞു കുറച്ചുകൂടെ മുന്‍പോട്ട് പോയാല്‍ പാണ്ടുഡാമിലെത്താം. ഡാമിന് സമീപത്തൂടെ പോവുമ്പോ താഴേക്ക് കാണാന്‍ കഴിയുന്നില്ല കോടമഞ്ഞു മൂടിയിരുന്നു. മണ്ടിയിലെത്തിയപ്പോള്‍ രാത്രി  പനീര്‍ കൊണ്ടുള്ള എന്തോ ഒരു വിഭവവും റൊട്ടിയുമായിരുന്നു അത്താഴത്തിന്.
-
ഷിംലയിലേക്കാണ് ഇന്നത്തെ യാത്ര. രാവിലെ മുതല്‍ക്കേ മഴയായിരുന്നു അത്കൊണ്ട് ഉച്ചയോടെയാണ് റൂമില്‍ നിന്നും ഇറങ്ങിയത്. റോഡ്‌ പണി നടക്കുന്നതിനാല്‍ ആകെ ചളിക്കുളമായിരുന്നു. രാത്രിയിലാണ് ഷിംലയില്‍ എത്തുന്നത്. നക്ഷ്ത്രങ്ങള്‍ മണ്ണിലെത്തിയ പോലെ പ്രകാശപൂരിതമായ ഷിംല യുടെ നിശാഭംഗി വാക്കുകള്‍ക്കപ്പുറമാണ്. സുഖകരമായ നിദ്രക്കുശേഷം രാവിലെ തന്നെ ‘കുഫ്രി’ എന്ന ഹില്‍ സ്റ്റേഷനിലേക്ക് യാത്രയായി. ഷിംല തിരക്കേറിയ പട്ടണമാണ്. അധികം ദൂരമില്ലെങ്കിലും എത്തിപ്പെടാന്‍ അല്പം കഷ്ടപെടും. വഴിയില്‍ ഗൈഡുകള്‍ വണ്ടി തടഞ്ഞു അവരുടെ പാര്‍ക്കിലേക്ക് ക്ഷണിക്കുകയും നമുക്ക് താല്പര്യമില്ലെങ്കില്‍ വഴി തെറ്റിച്ചു പറഞ്ഞുവിടുകയും ചെയ്യും.  ഇത് വളരെ മോശം അനുഭവമായി. കുറേ ചുറ്റിക്കറങ്ങി ലക്ഷ്യസ്ഥാനത്ത് എത്തി. മൊട്ടക്കുന്നുപോലുള്ള അവിടെ കുതിര സവാരിയാണ്‌ അവിടത്തെ പ്രധാന പരിപാടി. ഒരാള്‍ക്ക് 400 യാണ് ചാര്‍ജ്. റോഡരികില്‍ നൂറുകണക്കിന് കുതിരകള്‍ സവാരിക്കരെയും കാത്തിരിപ്പുണ്ടായിരുന്നു. കുതിര പോവുന്ന വഴി ദുര്‍ഘടം പിടിച്ചതാണ്. ചിലയിടത്ത് മുട്ടൊപ്പം മൂടുന്ന ചതുപ്പും പാറകൂട്ടങ്ങളും, പടച്ചോനേ ഇങ്ങള്‍ കത്തോളീ എന്ന് അറിയാതെ പറഞ്ഞു പോവും. പാതിവഴിയിലെത്തിയപ്പോള്‍ ശക്തമായ മഴയെത്തി റൈന്‍ കോട്ടോ കുടയോ എടുത്തിട്ടില്ല. കുതിരക്കാരന്‍ കുറേ പുറകിലും. നമുക്കൊട്ടു കുതിരയെ നിയന്ത്രിക്കാന്‍ അറിയത്തുമില്ല. ആകെ നനഞ്ഞു കുതിര്‍ന്നു. മൊബൈലും ക്യാമറയും ഒരുവിധം നനയാതെ സംരക്ഷിച്ചു. മുകളിലെത്തിയപ്പോള്‍ തണുത്ത് വിറക്കുകയായിരുന്നു. ചായ ഗ്ലാസ്‌ പിടിക്കാന്‍ പോലും കഴിയുന്നില്ല. മഴ മാറിയപ്പോള്‍ അവിടെ നടന്നുകണ്ടു. വ്യൂ പോയിന്റും, ഒരു പഴയ ക്ഷേത്രവും ആപ്പിള്‍ തോട്ടവും മറ്റുമാണ് അവിടെ കാണാനുള്ളത്. കാര്‍ റേസ്, പൊളാരിസ് റേസ് പോലോത്തെ ആക്ടിവിറ്റികളും. തിരിച്ചിറങ്ങുമ്പോള്‍ കുതിരകളുമായി കുറച്ചു അടുപ്പത്തിലായി മോത്തി, ടാര്‍സന്‍, ഷേരു എന്നിവരായിരുന്നു യഥാക്രമം നവാസിന്റെയും കരീമിന്റെയും എന്റെയും കുതിരകള്‍. 15/16 വയസ്സ് പ്രായമുള്ള സന്ദീപ്‌ എന്ന നേപ്പാളി ബാലനായിരുന്നു കുതിരക്കാരന്‍. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞെങ്കിലും അവന്‍ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു കേരളമെന്ന പേര്. അവന്റെ പ്രായം വരുന്നവരാണ് മിക്ക കുതിരക്കാരും. റൂമിലെത്തി നനഞ വസ്ത്രങള്‍ മാറ്റി ഓരോ ചൂട് ചായ കുടിച്ചപ്പോഴാണ് വിറയല്‍ മാറിയത്.
-
അടുത്ത ദിവസമാണ് ഹിമാചലിലെ അവസാന നാള്‍. ജാഖൂ ടെമ്പിളും മാള്‍ റോഡും സന്ദര്‍ശിച്ചു വൈകുന്നേരം ചണ്ഡിഗര്‍ പോവാനാണ് പ്ലാന്‍ അവിടെ നിന്നാണ് ട്രെയിന്‍. രാവിലെ 10 മണി ആയപ്പോഴേക്കും വിക്കി വണ്ടിയും കൊണ്ട് വന്നു. ഷിംല ടൌണിലെത്തി വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരിടം തേടി അലഞ്ഞു പേ പാര്‍ക്കിംഗ് സൗകര്യം ഉണ്ടെങ്കിലും എല്ലായിടത്തും ഫുള്‍ ആയിരുന്നു. എങ്ങനെയൊക്കെയോ ഒരിടത്ത് ഒതുക്കിയിട്ട് നടക്കാന്‍ ആരംഭിച്ചു. മലന്ചെരുവില്‍ തട്ടു തട്ടായാണ് നഗരം താഴെ നിന്ന് മുകളിലത്തെ റോഡിലേക്ക് ലിഫ്റ്റ്‌ സൗകര്യം ഉണ്ട്. സ്റ്റെപ്പുകളും ഉപയോഗിക്കാം. ആദ്യം മാള്‍ റോഡിലേക്കാണ് പോയത് ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ ഫുട്പാത് കച്ചവടക്കാര്‍ വരെയുണ്ടവിടെ വൈവിധ്യമാര്‍ന്ന ഹിമാചല്‍ ഉല്‍പ്പന്നങ്ങളും പഴങ്ങളും സുലഭമായിരുന്നു. ഷോപ്പിംഗ് അവസാനത്തേക്ക് മാറ്റിവെച്ചു ജാഖൂ ടെമ്പിളിലേക്ക് തിരിച്ചു മാള്‍ റോഡില്‍ നിന്ന് 2/3 കിലോമീറ്റര്‍ മുകളിലായാണ് ഇത് നടന്നു തന്നെ കയറണം. അങ്ങോട്ടുള്ള റോഡില്‍ പുരാതനമായ ഒരു ചര്‍ച്ചും. ഉയരത്തില്‍ പറക്കുന്ന ഇന്ത്യന്‍ പതാകയും ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകളും  സ്ഥാപിച്ചിട്ടുള്ള ഒരു പാര്‍ക്കും ഉണ്ട് ഈ സ്ഥലത്തിന് എന്തൊക്കെയോ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നു. 

അവിടെ അല്പം വിശ്രമിച്ച് കയറ്റം കയറാന്‍ ആരംഭിച്ചു കുത്തനെയുള്ള കയറ്റമാണ് ക്ഷേത്രത്തിനടുത്തെത്തുമ്പോഴേക്കും വഴിയിലൊക്കെ വാനര പടയാണ്. ക്ഷേത്രത്തില്‍ 108 അടി ഉയരത്തില്‍ വളരെ വലിയ ഹനുമാന്‍ പ്രതിമയുണ്ട്. ബ്രസീലിലെ പ്രശസ്തമായ ക്രിസ്തു പ്രതിമയെ ഓര്‍മിപ്പിക്കും ഇത്. ക്ഷേത്ര പരിസരവും കുരങ്ങന്‍മാരെകൊണ്ട് നിറഞ്ഞിരുന്നു. കുറെ സമയം ആ മലമുകളിലെ കാറ്റും കൊണ്ടിരുന്നു നഗരത്തിന്റെ കൂടുതല്‍ ഭാഗവും ഇവിടെ നിന്നാല്‍ കാണാം. മടങ്ങി വരുമ്പോള്‍ മാള്‍ റോഡില്‍ നിന്നൊരു ചെറിയ ഷോപ്പിംഗ്‌. വൈകുന്നേരം ഷിംലയില്‍ നിന്ന്  ചണ്ഡിഗറിലേക്ക് യാത്ര തുടങ്ങി രാവിലെയാണ് നാട്ടിലേക്കുള്ള ട്രെയിന്‍. എത്ര പതുക്കെ പോയാലും രാത്രി തന്നെ ചണ്ഡിഗര്‍ എത്താം എന്നുള്ളതിനാല്‍ പതുക്കെയാണ് യാത്ര. പല ഭാഗത്തും കല്‍ക്ക ഷിംല റെയിലിനു സമാന്തരമാണ് റോഡ്‌. ചിലയിടത്ത് റെയില്‍ ക്രോസ് ചെയ്യണം. രാത്രി 11 മണിക്ക് സ്റ്റേഷനില്‍ എത്തി. വിക്കിയോട് യാത്ര പറഞ്ഞു. വിശ്രമ മുറിയില്‍ സുഖമായുറങ്ങി. രാവിലെ 8 മണിക്കായിരുന്നു ട്രെയിന്‍. ഒരാഴ്ച ഹിമാചലിലെ തണുപ്പില്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് ഈ ചൂട് അസഹ്യമായിരുന്നു. രണ്ടാം ദിവസം മുംബൈ പിന്നിട്ടതിനു ശേഷമാണ് ചൂടിനു ഒരു കുറവു വന്നത്. ഉച്ചയോടെ കൊങ്കണിലൂടെയായി യാത്ര. കൊങ്കണ്‍ പാത ഏറ്റവും സുന്ദരമായിരിക്കുന്ന സമയം മണ്‍സൂണ്‍. പച്ചപട്ടണിഞ്ഞ മലഞ്ചെരുവിലൂടെ വളഞ്ഞു പുളഞ്ഞു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുംമ്പോള്‍ ഇരു വശത്തും നയന മനോഹര കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്. മലനിരകളും, വയലേലകളും, വെള്ളച്ചാട്ടങ്ങളും തുരങ്കങ്ങളും  പിന്നിട്ടു ദിവങ്കാവതി സ്റ്റേഷനില്‍ എത്തി ഇവിടെ അല്‍പ സമയം വിശ്രമമുണ്ട്. യാത്രക്കാരെല്ലാം പുറത്തിറങ്ങി പ്രകൃതി ഭംഗി ക്യാമറയിലാക്കുന്ന തിരക്കിലാണ് സുന്ദരമായ ആ യാത്രക്ക് ശേഷം മൂന്നാം നാള്‍ രാവിലെ കോഴിക്കോട്ടെത്തി അവിടുന്ന് ബസ്സില്‍ നാട്ടിലേക്കും.
-
പ്ലാനിംഗ് ഇല്ലാത്തതും പരിചയക്കുറവും കാരണം ഹിമാചലിലെ ഒരുപാട് സ്ഥലങ്ങളും കാഴ്ചകളും ഞങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. എങ്കിലും ഒരുപാട് സന്തുഷ്ടരാണ് ഇത്രയും ആസ്വദിച്ചൊരു യാത്ര മുമ്പുണ്ടായിട്ടില്ല. അവിടെ ഞങ്ങള്‍ പ്രാദേശിക ഭക്ഷണമാണ് ഏറെയും തിരഞ്ഞെടുത്തത്. പാലക് പനീര്‍, സബ്ജി, ചണ മസാല സാന്ഡ്_വിച്ച്, ആലൂ പ്രാന്താ തുടങിയ വിഭവങ്ങള്‍. ഹിമാചലിന്റെ ഭൂപ്രകൃതിയും ജീവിതരീതികളും ആളുകളുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റവും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. മലയും പച്ചപ്പും നദികളും കോടമഞ്ഞും ആപ്പിള്‍ തോട്ടങ്ങളും വീണ്ടും വിളിക്കുന്ന പോലെ.













-

Comments