ഓർമ്മയിലെ ഒരു ഊട്ടി യാത്ര

ഓർമ്മയിലെ ഒരു ഊട്ടി യാത്ര
(റൂട്ട് : മലപ്പുറം- മണ്ണാര്‍ക്കാട്- അട്ടപ്പാടി- മുള്ളി- മാഞ്ഞൂര്‍- ഊട്ടി)





ഒരു ഞായറാഴ്ച സുഹൃത്ത് ആഷികുമൊത്ത് Ashiq Bin Alavi എന്‍റെ ബൈക്കില്‍ ഞങ്ങൾ ഊട്ടിയിലേക്ക് യാത്ര തിരിച്ചു. യാത്രയിലെ കാഴ്ചകളുടെ സൗന്ദര്യവും, അനുഭവിച്ച അനുഭുതിയും വാക്കുകള്‍ക്കപ്പുറമാണ്‌. ഊട്ടിയില്‍ പലതവണ പോയിട്ടുണ്ടെങ്കിലും ഈ യാത്ര അതിലേറെ ആസ്വദിച്ചു. അതിനുള്ള പ്രധാനകാരണം സഞ്ചരിച്ച വഴികള്‍ ആയിരിക്കാം. മണ്ണാര്‍ക്കാട് - അട്ടപ്പാടി റോഡിലെ ചുരം മുതല്‍ കാഴ്ചകളുടെ വിസ്മയം തുടങ്ങുന്നു. ഇടതൂര്‍ന്ന്‍ പന്തലിച്ച മരങ്ങളിക്കിടയിലൂടെയൊരു ചുരം. ചുരത്തില്‍ വാഹനങ്ങള്‍ വളരെ കുറവ്. ചുരം കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടു താവളം എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ടുള്ള റോഡിലൂടെയാണ്‌ പോവാനുള്ളത്. ആ റോഡിലെക്ക് കയറിയാല്‍ ഉടന്‍ ഒരു പാലം. ഈ പാലം കടന്നപ്പോൾ വേറൊരു ലോകത്തേക്കാണ്‌ ഞങ്ങൾ പ്രവേശിച്ചത്. 

ഏതുഭാഗത്തേക്ക്‌ നോക്കിയാലും പച്ചപ്പാര്‍ന്ന മലനിരകളും ചെറുകുന്നുകളും, നയനമനോഹരം തന്നെ. കുറച്ചു മുന്‍പോട്ടു പോയപ്പോൾ ദൂരെ മലമുകളില്‍ സ്ഥാപിച്ച കാറ്റാടിയന്ത്രങ്ങളും ഏറെ വശ്യമായിരുന്നു. വല്ലപ്പോഴും അതുവഴി കടന്നു പോവുന്ന ജീപ്പുകളും ഭാരം ചുമന്നു വരുന്ന കഴുത കൂട്ടങ്ങളുമൊഴിച്ചാല്‍ റോഡുകള്‍ ഏറെക്കുറെ വിജനമായിരുന്നു. ചിലയിടങ്ങളിൽ റോഡുകള്‍ തിരിയുന്നിടത്ത് ചെറിയ കടകള്‍ ഉണ്ടായിരുന്നു. ഏതു റോഡിനു പോകണമെന്ന് ശങ്കിച്ചു നില്‍ക്കുമ്പോഴെല്ലാം അടുത്ത് വന്നു വഴി പറഞ്ഞു തന്നിരുന്ന ഗ്രാമീണര്‍ അത്ഭുതമുളവാക്കി.മിക്കയിടങ്ങളിലും നല്ല റോഡ്‌ ആയിരുന്നെങ്കിലും മുള്ളി എത്തുന്നതിനു ഒരു 4 കി.മി. മുന്‍പ് റോഡ് എന്ന് പറയാന്‍ പോലും ഒന്നും അവശേഷിക്കാത്ത രീതിയില്‍ നശിച്ചിരുന്നു. 

മുള്ളി ചെക്ക് പോസ്റ്റ്‌ പിന്നിട്ടാല്‍ മറ്റൊരു ചുരത്തിലെക്കാണ്‌ കയറുന്നത്. ഒരുപാട് മനോഹര കാഴ്ചകള്‍ ഈ ചുരം സമ്മാനിച്ചു മൊട്ടകുന്നുകള്‍ പോലെ കാണപ്പെട്ട മലനിരകളും, താഴെ പരന്നുകിടക്കുന്ന കൃഷിസ്ഥലങ്ങളും ഇവക്കു നടുക്കായി ചെരുകുടിലുകളും മനോഹര ദൃശ്യങ്ങളായിരുന്നു. ചുരത്തില്‍പലയിടത്തും ആനപിണ്ടം കിടന്നിരുന്നത് ചെറുതായൊന്നു ഭയപ്പെടുത്തിയെങ്കിലും സധൈര്യം മുന്നോട്ടു പോയി. ഇടയ്ക്കിടയ്ക്ക് ബൈക്ക് നിര്‍ത്തി പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോ എടുക്കലുമായി യാത്ര തുടര്‍ന്നു മാഞ്ഞൂരിലെത്തി.അവിടം വളരെ മനോഹരമായിരുന്നു. മഞ്ഞൂരില്‍ നിന്നും ഊട്ടിയിലേക്ക് യാത്രയിൽ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ മുന്നോട്ടു പോകുംതോറും തണുപ്പ് കൂടികൂടി വന്നു. ഊട്ടിയിലെത്തിയപ്പോഴേക്കും ജാക്കറ്റ് എടുത്തു അണിയേണ്ടിവന്നു. പൂക്കളുടെ നഗരമായ ഊട്ടിയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലും ബോട്ട് ഹൗസിലുമായി സമയം ചിലവഴിച്ചു. ഇടയ്ക്കു അല്‍പനേരം തടാകത്തിന്നരികിലുളള മൊട്ടക്കുന്നില്‍ ഇരുന്ന് ഊട്ടിയുടെ സായാഹ്ന സൗന്ദര്യം ആസ്വദിച്ചു. തുടര്‍ന്ന് സ്ഥിരമായി പോയി വരാറുള്ള വഴിയിലൂടെ തന്നെ മടങ്ങാൻ തീരുമാനിച്ചു. ഗൂടല്ലൂരും നാടുകാണിയും പിന്നിട്ടു തേക്കുകളുടെ നാട്ടിലൂടെ തിരികെ.

ഈ യാത്ര എന്നും ഓര്‍മയില്‍ നില്‍ക്കുന്നത് ലക്ഷ്യസ്ഥാനത്തിന്റെ സവിശേഷതകളെക്കാളേറെ പിന്നിട്ട വഴികളുടെ മാസ്മരിക ഭംഗിയിലൂടെയായിരിക്കും.....

Comments