കൊടൈക്കനാല്‍

കൊടൈക്കനാല്‍:

തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് സുന്ദരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രിയതമനെ പുണർന്ന് കിടക്കുന്ന സുന്ദരിയേപ്പോലേ ദിവസം മുഴുവൻ കോടമഞ്ഞുപുതച്ച് ആലസ്യത്തിൽ കിടക്കുന്ന പ്രകൃതിഭംഗി. 'കോട കാണല്‍’ എന്ന തമിഴ് പദത്തില്‍നിന്നാണ് കൊടൈക്കനാല്‍ എന്ന പേരുത്ഭവിച്ചതെന്നു എവിടെയോ വായിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പേരുകേട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണിവിടം. ഗുണകേവും, ഡോള്‍ഫിന്‍ നോസ് പില്ലര്‍ റോക്കും, പൈന്‍ ഫോറസ്റ്റും, വെള്ളച്ചാട്ടങ്ങളും, തടാകവും കൊടൈക്കനാലിനെ കൂടുതല്‍ സുന്ദരിയാക്കുന്നു. 

പെട്ടെന്നുള്ള തീരുമാനമായിരുന്നു ഞങ്ങളുടെ ഈ യാത്ര. നാട്ടിലെ ചൂടില്‍ നിന്നൊരാശ്വാസത്തിനായി ഒരു യാത്ര കൊതിച്ചു ഡെസ്റ്റിനേഷന്‍ തപ്പിക്കൊണ്ടിരിക്കുന്ന സമയം. അന്നൊരു വൈകുന്നേരം, ‘നമുക്ക് കൊടൈക്കനാലിൽ പോയാലോ?’ ചങ്ക് ബ്രോ നവാസിന്‍റെതായിരുന്നു ചോദ്യം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അന്ന് രാത്രി തന്നെ യാത്ര തിരിക്കാന്‍ ഞങ്ങൾ തയ്യാറായി; നാടും വീടും ഉറങ്ങുമ്പോള്‍, രാത്രി 12 മണിക്ക് ഞങ്ങള്‍ ആറു പേര് ( ഈ ഞാന്‍, നവാസ്, സുമിത്, റിസ്വാന്‍, സജീര്‍ പിന്നെ നിയാസ്) മൂന്ന് ബൈക്കുകളിലായി യാത്ര ആരംഭിച്ചു. മലപ്പുറം – പെരിന്തല്‍മണ്ണ – പാലക്കാട്‌ വഴി ഒരു തമാർ-പഠാർ. 

ഇടയ്ക്കിടെ തട്ടുകടകളില്‍ നിന്നുള്ള സുലൈമാനിയും പിന്നെ ചില്ലറ സൊറപറച്ചിലുകളുമായി ആ യാത്ര തുടര്‍ന്നു. രാത്രിയായതുകൊണ്ട് മാത്രം വിജനമായ പൊള്ളാച്ചി പട്ടണവും കടന്നു മുമ്പോട്ട്. റോഡുകളില്‍ വാഹനങ്ങള്‍ വിരളമായിരുന്നു. പളനി എത്തുന്നതിനു മുമ്പായി റോഡിനിരുവശവും കാറ്റാടി യന്ത്രങ്ങള്‍ കറങ്ങികൊണ്ടേയിരുന്നു. പളനി എത്തിയപ്പോഴേക്കും നേരം പുലരാന്‍ തുടങ്ങിയിരുന്നു. ദീപാലങ്കാരത്തില്‍ കുളിച്ചു നില്‍ക്കുന്ന പളനി ക്ഷേത്രവും അവിടെനിന്നുയരുന്ന ദേവകീര്‍ത്തനവും യാത്രയിൽ പുത്തനുണര്‍വ് നല്‍കി. 

പളനിയില്‍ നിന്നങ്ങോട്ടുള്ള യാത്ര ഹൃദ്യമായിരുന്നു. പളനി കഴിഞ്ഞാല്‍ പിന്നെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതിയാണ്. ഗ്രമങ്ങളിലൂടെയുള്ള പുലര്‍കാല യാത്രയുടെ ഭംഗി വര്‍ണനകള്‍ക്കതീതമാണല്ലോ. കവിഭാവനകളിലെ ഗ്രാമഭംഗി പുനർജ്ജീവിക്കുന്നതായി തോന്നിയ നിമിഷങ്ങൾ: റോഡിനിരുവശവും കൊച്ചു കൊച്ചു വീടുകള്‍, മുറ്റത്ത്‌ കളം വരയ്ക്കുന്ന പെണ്‍കുട്ടികൾ, പാലുമായി സൈക്കിളുകളിൽ പോകുന്നവർ, കന്നുകാലികളുമായി നടന്നുനീങ്ങുന്ന ഗ്രമീണർ, ചെറിയ തട്ടുകടകൾ പിന്നെ റോഡരികില്‍ നിന്ന് കൈവീശി യാത്രയാക്കുന്ന കുട്ടികൾ, മനം നിറയാൻ പിന്നെന്തു വേണം? അവിടം കഴിഞ്ഞാൽ അധികദൂരമില്ല ചുരത്തിലേക്ക്. ചുരം കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ തണുപ്പും കൂട്ടിനെത്തിതുടങ്ങിയിരുന്നു. ദൂരെ പേരറിയാത്തൊരു തടാകം; അതിന്റെ കാഴ്ച സുന്ദരമായിരുന്നു. റോഡരികില്‍ ധാരാളം കാട്ട്കോഴികൾ, പലയത്രകളിലും ഇവയെ കണ്ടിട്ടുണ്ടെങ്കിലും അത്രയുമധികം കാട്ടുകോഴികളെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു, പല നിറത്തില്‍ തൂവലും അങ്കവാലുമായി ചേലിലങ്ങനെ ഒരുപാടെണ്ണം.

ചുരം കയറി മുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിനുമപ്പുറം നല്ല തണുപ്പ് . നാട്ടില്‍ നിന്നും തണുപ്പ് തേടിയിറങ്ങിയ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. കൊടൈക്കനാല്‍ ടൗണില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ആദ്യം പോയത് ഡോള്‍ഫിന്‍ നോസിലെക്കായിരുന്നു. നല്ല തണുപ്പുണ്ടെങ്കിലും ആ സമയത്ത് കോട ഇല്ലായിരുന്നു. ഡോള്‍ഫിന്‍ നോസിലെ യൂക്കാലിപ്സ് ഗന്ധമുള്ള കാറ്റും ആസ്വദിച്ച് താഴ്‌വര കാഴചകള്‍ കണ്ടു കുറേ സമയം ചിലവഴിച്ചു. അവിടെ നിന്നും പില്ലര്‍ റോക്കിലെക്കാണ് പോയത്. സീസണ്‍ അല്ലാതിരുന്നിട്ടും നല്ല തിരക്ക്, ഗുണകേവ് ആയിരുന്നു അടുത്ത ലക്ഷ്യം, പക്ഷെ അവിടത്തെ തിരക്ക് കണ്ടപ്പോൾ തല്‍ക്കാലം ഗുണകേവ് പിന്നെത്തെക്കു മാറ്റിവെച്ചു. പിന്നെ അടുത്തുള്ള പൈന്‍ മരങ്ങള്‍ക്കിടയില്‍ ഒരു ചെറിയ മയക്കം. യാത്രാക്ഷീണവും തണുത്തകാറ്റും കാരണം കുറച്ചുസമയം എല്ലാവരും നന്നായിട്ട് ഉറങ്ങി. അവിടെ നിന്ന് നേരെ പോയത് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായ പൈന്‍ ഫോറസ്റ്റിലേയ്ക്ക്. ഫോട്ടോ എടുക്കലും മറ്റുമായി ഏറെ നേരം അവിടെ കറങ്ങി. പിന്നീട് കൊടൈക്കനാൽ നഗരത്തില്‍ കുറച്ചു സമയം. 


ഒരു രാത്രിയെങ്കിലും അവിടെ താമസിക്കണമെന്നുണ്ടായിരുന്നു പതിവുപോലെ ഇത്തവണയും സമയക്കുറവ് വില്ലനായി. വൈകുന്നേരം ആറ് മണി ആയപ്പോൾ മടക്കയാത്ര ആരംഭിച്ചു. ചുരമിറങ്ങുമ്പോള്‍കണ്ട സൂര്യാസ്തമയം വളരെ മനോഹരമായിരുന്നു. തടാകത്തിനും പിറകിലെ മലനിരകള്‍ക്കും ഓറഞ്ച് നിറം നല്‍കി സൂര്യന്‍ വിടവാങ്ങുന്ന ദൃശ്യം ഹൃദ്യമായിരുന്നു. അടുത്ത സ്റ്റോപ്പ്‌ പളനിയായിരുന്നു. ലഘുഭക്ഷണവും അല്‍പവിശ്രമവും കഴിഞ്ഞു യാത്ര തുടര്‍ന്നു. ഏകദേശം വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്ത് തന്നെ വീട്ടിൽ തിരിച്ചെത്തി. പുത്തനനുഭവങ്ങളും, പുത്തന്‍ സൗഹൃങ്ങളും സമ്മാനിച്ച ആ യാത്രയും ശുഭം...




























Comments