കൊളുക്കുമലയിലെ സൂര്യോദയം !!!

കൊളുക്കുമലയിലെ സൂര്യോദയം !!!
യാത്രികര്‍ ഫേസ്ബുക്ക്‌ കൂട്ടായ്മ സംഘടിപ്പിച്ച ഈ യാത്രയില്‍ 36 അംഗങ്ങള്‍ പങ്കെടുത്തു. ഞാനും ഫ്രണ്ട്സ് നവാസ്, റിയാസ്, ഇര്‍ഫാന്‍ഇക്കാ, ഷമീം എന്നിവര്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് റിയാസിന്റെ കാറിലാണ് യാത്രയായത്. സൂര്യനെല്ലിയിലായിരുന്നു താമസം ഒരുക്കിയിരുന്നത് പക്ഷെ ഞങ്ങൾ അല്പം വൈകി പുലര്‍ച്ചെ 3.30 ഓടെയാണ് സ്ഥലത്തെത്തിയത് മിക്കവരും നേരത്തെ എത്തിയിരുന്നു. കൃത്യം 4 മണിക്ക് തന്നെ മലകയറാനുള്ള ജീപ്പ് എത്തി. 3 ജീപ്പുകളിലായി യാത്ര ആരംഭിച്ചു.

കൃത്യസമയത്ത് മലമുകളിലെത്താതിരുന്നെങ്കിൽ ഒരുപക്ഷെ കണ്ണുകൾക്ക്‌ കുളിർമ നൽകുന്ന ആ സുന്ദര ദൃശ്യം ഞങ്ങള്‍ക്ക് നഷ്ടമായേനെ, ഇടയ്ക്കു ജീപ്പൊന്നു പണിമുടക്കിയപ്പോള്‍ തെല്ലൊന്നു നിരാശയിലായി ഉദയം കാണാന്‍ കഴിയില്ലേ എന്ന വേവലാതിയായിരുന്നു മനസ്സില്‍. പക്ഷെ ഭാഗ്യം കൈവിട്ടില്ല എന്ന് പറയാം. ഡ്രൈവര്‍മാരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ട് വണ്ടിയൊക്കെ റിപ്പയര്‍ ചെയ്ത് ഉദയത്തിനു മുന്‍പേ എത്താന്‍ കഴിഞു. ഞങ്ങള്‍ക്ക് മുന്‍പിലായും ആളുകളേയുംകൊണ്ട് ജീപ്പുകള്‍ പോവുന്നുണ്ടായിരുന്നു. പ്രതീക്ഷകൾക്ക് വിരാമമിട്ടൊടുവിൽ തൂവെള്ള നിറത്തില്‍ പഞ്ഞിക്കെട്ടുപോലെ തോന്നിച്ച മേഘങ്ങൾ മഹാഭാരതം സീരിയലിലെ ദേവലോകത്തെ ഓര്‍മ്മിപ്പിച്ചു. മേഘങ്ങൾക്കിടയില്‍നിന്നും ആദ്യം ഒരു ചുവന്ന രേഖയായി പതിയെ പ്രഭാവലയത്തോടുകൂടെ സൂര്യന്‍ ഉയര്‍ന്നുവന്ന ദൃശ്യം ഒരു സ്വപ്നതുല്യമായ കാഴ്ച തന്നെയാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ organic tea garden സ്ഥിതിചെയ്യുന്ന കൊളുക്കുമലയിലേക്കുള്ള കയറ്റം ഒരു സംഭവം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. കുണ്ടും കുഴിയും കല്ലുകളും നിറഞ്ഞ റോഡിലൂടെ ആടിയും ഉലഞ്ഞും ജീപ്പ് കുതിക്കുമ്പോള്‍ ആരും ദൈവത്തെ വിളിച്ചുപോവും. സൂര്യോദയകാഴ്ച കണ്ട് അവിടെനിന്നു പോയത് കൊളുക്കുമല ടീ ഫാക്ടറിയിലേക്കാണ്. അവിടെ നിന്നൊരു ചായ കുടിച്ചു, ലാലേട്ടന്‍ പറഞ്ഞപോലെ ഉയരം കൂടിയത് കൊണ്ടാണോ വിശപ്പിന്‍റെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല ചായക്ക് നല്ല ടേസ്റ്റ്.

അവിടെ നിന്നും തമിഴ് ഗ്രാമമായ കൊരങ്ങിണിയിലേക്ക് നടന്ന്കൊണ്ട് മലയിറക്കം ആരംഭിച്ചു പുല്‍മേടുകളും കുന്നിന്‍ചെരിവുകളും കോടമഞ്ഞും ഞങ്ങള്‍ക്ക് വിരുന്നൊരുക്കി. ഇടക്ക് ഒരു പുൽമേടില്‍ ഒരല്‍പനേരം വിശ്രമിച്ചു ലഘുഭക്ഷണശേഷം നടത്തം തുടര്‍ന്നു. ഏതാണ്ട് 4 മണിക്കൂറോളം വേണ്ടി വന്നു താഴെയെത്താന്‍. കൊരങ്ങിണിയില്‍ നിന്ന് ബസ്സില്‍ ബോടിമേട്ടിലേക്കും അവിടെനിന്ന് സുന്ദരമായ ബോടി ചുരത്തിലൂടെ ജീപ്പില്‍ തിരിച്ചു സൂര്യനെല്ലിയിലേക്കും. ഞങ്ങളില്‍ പലരും ആദ്യമായി നേരിട്ട് കാണുന്നവരായിരുന്നുവെങ്കിലും ഈ ഒരൊറ്റ യാത്രകൊണ്ട് അനവധി നാളത്തെ പരിചയമുള്ളവരെ പോലെയായിമാറി. ഈ സുന്ദര യാത്ര സമ്മാനിച്ച യാത്രികര്‍ ടീമിനും, ഞങ്ങളുടെ ‘മൂപ്പന്‍’ ഷിയാസിക്കാക്കും നന്ദി പറഞ്ഞു അടുത്ത യാത്രയില്‍ ഒരുമിക്കുന്നത് വരെ ചെറിയൊരു യാത്രപറച്ചിലുമായി പിരിഞ്ഞു.

.......... യാത്ര ശുഭം







Comments