കിടു കുടക്

കിടു കുടക്
യാത്രകള്‍ എപ്പോഴും കാഴ്ചകള്‍ കാണുന്നതിലുപരി ബന്ധങ്ങള്‍ വളര്‍ത്താനും സൗഹ്യദചങ്ങലയില്‍
പുതിയ കണ്ണികള്‍ വിളക്കി ചേര്‍ക്കാനും കൂടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഒരു യാത്രയെ കുറിച്ച് ഒരു ചെറിയ വിവരണം ...

നേരിട്ട്‌ കണ്ടിട്ടില്ലാത്ത 16 സുഹൃത്തുക്കള്‍ (യാത്രികര്‍)ഫേസ്‌ബുക്ക്‌ കൂട്ടായ്മ സംഘടിപ്പിച്ച കൂര്‍ഗ് യാത്രയില്‍ ഒന്നിച്ചു. ഇത് വരെ പരസ്പരം കാണാത്തതും ,വിവിധ പ്രായത്തിലും വിത്യസ്ത മേഖലയില്‍ നിന്നുള്ളവരായിട്ടും ചെറിയൊരു അസ്വാരസ്യം പോലുമില്ലാതെ ഒരേ മനസ്സോടെ യാത്രയില്‍ അലിഞ്ഞുചേരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച് 8 മണിക്ക് തന്നെ എല്ലാവരും കോഴിക്കോട് ബീച്ചില്‍ എത്തിച്ചേര്‍ന്നു ഹ്രസ്വമായ പരിചയപ്പെടലിനു ശേഷം ടീം ലീഡര്‍ ഷിയാസ് ഇക്ക യാത്രയില്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ചും യാത്രാവഴിയെ കുറിച്ചും സംസാരിച്ചതിനു ശേഷം യാത്ര ആരംഭിച്ചു.

4 ബുള്ളെറ്റുകള്‍ ഉള്‍പ്പെടെ 9 ബൈക്കുകളിലായി 15 പേര്‍. താമരശ്ശേരി ചുരത്തില്‍ വെച്ചാണ് അരീക്കോട് നിന്നുള്ള സൈദ്‌ ഇക്ക കൂടെ ചേര്‍ന്നത്‌. താമരശ്ശേരി ചുരത്തില്‍ കോടമഞ്ഞ് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി, വയനാടന്‍ തേയിലത്തോട്ടങ്ങളും പച്ചപ്പട്ടണിഞ്ഞ മലനിരകളും പിന്നിട്ടു മാനന്തവാടിയും കഴിഞ്ഞ് കാട്ടിക്കുളത്ത് എത്തി ഉച്ചഭക്ഷണ ശേഷം യാത്ര തുടര്‍ന്നു.

നാഗര്‍ഹോള വനത്തിലൂടെയായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നതെങ്കിലും അതുവഴി ബൈക്ക് കടത്തിവിടില്ലെന്നറിഞ്ഞ് തോല്‍പ്പെട്ടിയിലൂടെ പോവാന്‍ തീരുമാനിച്ചു. ഇടയ്ക്കിടയ്ക്ക് നിര്‍ത്തി വിശേഷങ്ങള്‍ പങ്കുവെച്ചും വയല്‍പ്രദേശങ്ങളും കുന്നുകളും ചുരവും പിന്നിട്ടു മടിക്കേരിയിലെത്തി. മടിക്കേരി പട്ടണം ‘ദസറ’ ആഘോഷത്തിന്റെ തിരക്കിലായിരുന്നു ബൈക്ക് പോലും മുന്നോട്ടു പോവാന്‍ കഴിയാത്തത്ര ട്രാഫിക് തല്ക്കാലം വണ്ടികള്‍ ഒതുക്കി താമസസ്ഥലം അന്വേഷിക്കാന്‍ ആരംഭിച്ചു. ദസറ സമയം ആയിരുന്നതിനാല്‍ റൂമുകള്‍ കിട്ടാനില്ല അബ്ദുവിന്‍റെയും ഷിയാസ്ക്കാന്‍റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷിച്ച പോലെ തന്നെ ഒരു വീട് ലഭിച്ചു. ഇതിനിടക്ക്തന്നെ എല്ലാവരും പരസ്പരം വളരെ അടുത്തിരുന്നു. തലശ്ശേരിക്കാരന്‍ ഇക്കയുടെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു വീട് ലക്ഷ്യമാക്കി നീങ്ങി. ഇത് പോലത്തെ യാത്രകളില്‍ ആരും ആഗ്രഹിക്കുന്ന താമസസ്ഥലം കൃഷി സ്ഥലത്തിന് നടുവിലായി പുതുതായി പണികഴിപ്പിച്ച ഒരു കൊച്ചു വീട്. എല്ലാവരും വേഗം ഫ്രഷായി ക്യാമ്പ്‌ ഫയറിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി തീകായുന്നതിനിടക്ക് പരസ്പരം വിശദമായി പരിചയപ്പെട്ടു സൈദ്‌ ഇക്കാന്‍റെ ചിപ്സും ഗാലിബിക്കാന്‍റെ തമാശകളുമായി പുലര്‍ച്ചെ 3 മണി വരെ തീക്ക് ചുറ്റുമിരുന്നു. പിന്നീട് കൊടും തണുപ്പില്‍ പുതച്ചു മൂടി സുഖനിദ്ര.

രാവിലെ നേരത്തെ എണീക്കണമെന്നു ചട്ടം കെട്ടിയിരുന്നെങ്കിലും 10 മണി കഴിഞ്ഞു എല്ലാവരും എണീറ്റ്‌ ഫ്രഷ്‌ ആയപ്പോഴേക്കും. വീട്ടുടമസ്ഥനോട് യാത്ര പറഞ്ഞു വീണ്ടും രാത്രി ഭക്ഷണം കഴിച്ച ഹോട്ടെലിലേക്ക് ഭക്ഷണ ശേഷം ‘ചെലവറ’ വെള്ളച്ചാട്ടം ലക്ഷ്യമാക്കി യാത്ര തിരിച്ചു. വെള്ളച്ചാട്ടത്തിന്റെ അടുത്ത്നിന്നും അല്പദൂരം കൂടി മുകളിലേക്ക് കയറിയാല്‍ ‘ചോമകുണ്ട്’ എന്നാ മനോഹരമായ ഒരു മൊട്ടകുന്നുണ്ട്. താഴ്വാരത്ത് വാഹനങ്ങള്‍ നിര്‍ത്തി കുന്നു കയറാന് ആരംഭിച്ചു കുത്തനെയുള്ള കയറ്റമായിരുന്നു നല്ല വെയിലുമുണ്ടായിരുന്നു എങ്കിലും തണുത്ത കാറ്റ് ശക്തിയായി വീശിയിരുന്നതിനാല്‍ ക്ഷീണം അറിഞ്ഞതേയില്ല. പച്ച പുതച്ച ആ പ്രദേശം വളരെ സുന്ദരിയായയിരുന്നു ദൂരെ ഇരിട്ടി മലനിരകളും പേരറിയാത്ത ഒന്ന് രണ്ടു ജലസ്രോതസുകളും കാണാമായിരുന്നു.
കുന്നിന്‍മുകളില്‍ ഒരുപാട് സമയം ചിലവഴിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോ അതീവ ഹൃദ്യമായ ഒരു സംഗീതം ഞങ്ങളെവരേയും കോരിത്തരിപ്പിച്ചു ഒരു പഴയ മലയാളം പാട്ടിന്റെ ടൂണ്‍ പോലെ തോന്നിയ ആ സ്വരത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ കണ്ടത് അപ്പുറത്തെ മലയില്‍ കാലികളെ മേയ്ച്ചു കൊണ്ടിരുന്ന ആളെയാണ് അയാള്‍ ഓടക്കുഴല്‍ വായിക്കുന്നതായിരുന്നു ആ സ്വരം. അവിടെ നിന്നും ഇറങ്ങി താഴ്വാരത്തുള്ള അരുവിയിലെ തണുത്ത വെള്ളത്തില്‍ എല്ലാവരും കുളിക്കാനിറങ്ങി കുറേ സമയം തുടര്‍ന്നു ആ നീരാട്ട് ഒടുവില്‍ ഷിയാസിക്കന്റെ സ്നേഹപൂര്‍വ്വമുള്ള ശാസനക്കു വഴങ്ങി കുളി മതിയാക്കി അവിടെ നിന്നും പോയത് ‘ചെലവറ’ വെള്ളച്ചട്ടതിലെക്കാണ് അധികം വെള്ളമില്ലാത്ത സമയം ആയിരുന്നുവെങ്കിലും സുന്ദരമായ വെള്ളച്ചാട്ടം ആ ഭംഗിയില്‍ ലയിച്ചു അല്‍പനേരം ചിലവഴിച്ചു മടക്ക യാത്ര ആരംഭിച്ചു.

 വിരാജ്പെട്ട് നിന്ന് ഭക്ഷണം കഴിച്ചു കുറഞ്ഞസമയത്തെ വിശ്രമശേഷം യാത്ര തുടര്‍ന്നു തോല്‍പെട്ടി എത്തിയപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു മൃഗങ്ങളെ കാണാം എന്ന പ്രതീക്ഷയില്‍ തിരുനെല്ലി വനത്തിലൂടെ അല്പദൂരം പ്രതീക്ഷ തെറ്റിയില്ല മുന്‍പില്‍ മൂന്ന് ഭീമന്മാരായ കാട്ടുപോത്തുകള്‍, കുറച്ചപ്പുറത്തായി ഒരു മാന്‍കൂട്ടം, അധികം അകലെയല്ലാതെ ഒരു കൊമ്പന്‍. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കടന്നു പോയവര്‍ പറഞ്ഞു കുറച്ചകലെ 5 ആന ഇറങ്ങിയിട്ടുണ്ട് ശ്രദ്ധിച്ചു പോവണമെന്ന് അവയെയും കാണാമെന്നു പ്രതീക്ഷിച്ചു മുന്‍പോട്ട് റോഡരികില്‍ ഒരു കുട്ടി ഉള്‍പ്പെടെ 5 ഗജവീരന്മാര്‍.

അവിടെ നിന്നും കാട്ടിക്കുളത്ത് എത്തി കട്ടന്‍ചായയും മൃഗങ്ങള കണ്ട വിശേഷങ്ങളും പങ്കുവെച്ചു ചെറിയൊരു റെസ്റ്റിനുശേഷം ഇനി ചുരത്തില്‍ വെച്ച് ഒന്ന് കൂടെ നിര്‍ത്താം എന്ന് പറഞ്ഞു യാത്ര തുടര്‍ന്ന് മാനന്തവാടിയും കല്‍പ്പറ്റയും പിന്നിട്ട് ലക്കിടി എത്തുമ്പോഴേക്കും തൊട്ടുമുന്‍പിലുള്ള വാഹനം പോലും കാണാന്‍ കഴിയാത്തത്ര കോടമഞ്ഞും കൊടും തണുപ്പും അവിടെ എല്ലാവരും നിര്‍ത്തിയെങ്കിലും തണുപ്പില്‍ അധികനേരം അങ്ങനെ നില്ക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ് ചുരമിറങ്ങി. അടിവാരതെത്തി എല്ലാവരും ഒന്നുകൂടെ ഒത്തുചേര്‍ന്നു യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും മുക്കം വഴി തിരിഞ്ഞു പോകുന്നവര്‍ക്ക് യാത്രയപ്പും നല്‍കി. എത്രയും പെട്ടെന്ന് തന്നെ അടുത്ത യാത്ര സംഘടിപ്പിക്കാം, എത്ര തിരക്കാണെങ്കിലും പങ്കെടുക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞ് മനസ്സില്‍ ഒരുപാട് നിറമുള്ള ഓര്‍മകളുമായി യാത്ര പറഞ്ഞു പിരിഞ്ഞു.

ഒന്നിച്ചുള്ള യാത്രകള്‍ തുടരാന്‍ സര്‍വ്വശക്തൻ അനുഗ്രഹിക്കട്ടെ എന്നുള്ള പ്രാർത്ഥന ഉണ്ടെന്നു തോന്നി എല്ലാരുടെയും മനസ്സിൽ.







Comments